അട്ടപ്പാടി അഗളിയിൽ ആൾകൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസ് നടത്തിപ്പിന് നടൻ മമ്മൂട്ടി സഹായ വാഗ്ദാനം നൽകിയെന്ന് കുടുംബം. നിയമ സഹായം നൽകുന്നതിന് തയ്യാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.
നിയമ സഹായം നൽകുന്നത് സംബന്ധിച്ച് നേരത്തെ നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രിയുടെ നിർദേശാനുസരണം അടുത്ത ദിവസങ്ങളിൽ നടന്റെ ഓഫീസിൽ നിന്നുളളവർ മധുവിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നാണ് സൂചന. അതേസമയം മധുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും കേസിൽ മറ്റു കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സഹോദരി അറിയിച്ചു.
കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മധുവിന്റെ കുടുംബവുമായി അഗളി ഡിവൈഎസ്പി എൻ മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദിവാസി സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം പൊലീസിനെ അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് പബ്ലിക്ക് പ്രോസിക്ക്യൂട്ടറെ നിയമിക്കാനുളള നടപടികൾക്ക് വേഗം കൂട്ടിയത്.
മൂന്ന് അഭിഭാഷകരുടെ ലിസ്റ്റ് നൽകാനാണ് ഡിജിപി മധുവിൻരെ കുടുംബത്തോട് നിർദേശിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ട് വന്നത്.
2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാർ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവിൽ ജാമ്യത്തിലാണ്.