കലാഭവൻ മണിയെ പോലെ മലയാളികൾ ഹൃദയം കൊണ്ട് സ്നേഹ മറ്റൊരു കലാകാരൻ ഉണ്ടോ എന്നത് സംശയമാണ്. അത്രയ്ക്ക് മലയാളികൾ മണിയേയും മണിയുടെ നാടൻ പാട്ടുകളെയും നെഞ്ചേറ്റിരുന്നു. മിമിക്രിയും അഭിനയവും പാട്ടുമൊക്കയായി മലയാളികളെ രസിപ്പിച്ച താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ആലോചിക്കുമ്പോൾ ഇന്നും വിങ്ങലാണ്. ഇപ്പോഴിതാ മണിയെ കുറിച്ച് മെഗാസ്റ്റാർ മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഇത്ര പെട്ടെന്ന് പോകേണ്ട ആളായിരുന്നില്ല കലാഭവൻ മണി കാലം തട്ടിപ്പറിച്ചു കൊണ്ട് പോയതാണ്. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുന്ന വിധത്തിൽ നാടൻ പാട്ടുകൾ ശക്തമായി അവതരിപ്പിക്കുന്ന കലാകാരൻ, ഒരുപാട് നാടൻ പാട്ടുകൾ കണ്ടെത്തി അവതരിപ്പിച്ചു, സ്വന്തമായി ഗായക സംഘവും ഉണ്ടാക്കി. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ മലയാളം അറിയാത്തവർ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവെക്കുന്നത് കണ്ടു താൻ ഞെട്ടി പോയിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
അതേസമയം അവസാനകാലത്ത് മണിയെ നേരിൽ കണ്ടപ്പോൾ ക്ഷീണിതനായി തനിക്ക് അനുഭവപ്പെട്ടെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പുതിയ സിനിമയ്ക്കുള്ള ഡയറ്റിംഗ് ആണെന്നാണ് തന്നോട് പറഞ്ഞതെന്നും മമ്മൂട്ടി പറയുന്നു. കലാഭവൻ മണിയെ കാലം തട്ടിപ്പറിച്ചു കൊണ്ടുപോയതാണെന്നും നമുക്ക് കാണികളായി നിൽക്കാൻ കഴിയൂ എന്നും മമ്മൂട്ടി പറഞ്ഞു.