Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വലിയ കോലാഹലങ്ങളാണ് മലയാള സിനിമയിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. തുറന്നുപറച്ചിലുകളും ചുരുക്കം തിരുത്തലുകളും നടക്കുന്നതിനിടെ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ഡബ്ലുസിസി യെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും സിനിമ മേഖലയിൽ ഉള്ളവരടക്കം പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഡബ്ലുസിസിയെ വിമർശിച്ചുകൊണ്ട് നടി പൊന്നമ്മ ബാബു നടത്തിയ പരാമർശമാണ് ശ്രദ്ധിക്കപ്പെടുന്നത്.

അമ്മ എന്ന സംഘടനയിൽ 222 ഓളം വനിതകൾ ഉണ്ടെന്നും എന്നാൽ അതിൽ ആരെയും തന്നെ ഹേമ കമ്മീഷൻ മൊഴി നൽകാൻ വിളിപ്പിച്ചിട്ടില്ല എന്നും പൊന്നമ്മ കുറ്റപ്പെടുത്തുന്നു. ഡബ്ലുസിസി എന്ന സംഘടന തുടങ്ങുന്ന സമയത്ത് തങ്ങളോട് അംഗത്വം സ്വീകരിക്കുന്നോ എന്ന് ആരും ചോദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഘടന ഇതുവരെ ഏതെങ്കിലും സ്ത്രീയുടെ കണ്ണീരൊപ്പിയിട്ടുണ്ടോ എന്നും പൊന്നമ്മ ബാബു ചോദിച്ചു.

അമ്മയിൽ നിന്നും പുറത്തുപോയി ഇവര്‍ സംഘടന രൂപീകരിച്ചെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി ഇവര്‍ ഒന്നും ചെയ്തിട്ടില്ല. ഡബ്ല്യുസിസി ഒരു കാര്യത്തിലും മുന്‍കൈ എടുത്തിട്ടില്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ അമ്മയിലെ അംഗങ്ങളാണ് ഞങ്ങളെ സഹായിച്ചിട്ടുള്ളതെന്നും നടി ചൂണ്ടിക്കാട്ടി.

സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പും ഇല്ല അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അത് ഞങ്ങളുടെ മമ്മൂക്കയും ലാലേട്ടനുമാണ്. അല്ലാതെ പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ചുമ്മാതാണ് ഞങ്ങള്‍ക്ക് എന്നും പവര്‍ മമ്മൂക്കയും ലാലേട്ടനുമാണെന്ന് പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു. അതേസമയം ഡബ്ല്യുസിസി തുടങ്ങുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടിയാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുന്നു നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണം എന്ന് അതിന് സപ്പോര്‍ട്ട് നല്‍കിയാളാണ് മമ്മൂട്ടിയെന്നും നടി പറഞ്ഞു.

Leave a Reply