Spread the love

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതും പിതാവ് ചാക്കോ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ ഷൈനിൽ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ.

ഇപ്പോൾ ഭൂരിഭാഗം മലയാളികളും താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ ഇരിക്കുകയാണ്. വലിയ ഒരു ദുരന്തത്തെ അതിജീവിച്ച താരത്തിന് ഇപ്പോൾ വേണ്ടത് പിന്തുണയാണെന്ന് വ്യക്തമാക്കി പ്രമുഖ നടന്മാർ ഉൾപ്പെടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ അപകടത്തിന് ശേഷം താരം ആദ്യമായി നൽകിയ അഭിമുഖത്തിൽ ഇത്തരത്തിൽ തന്റെ മോശം സമയങ്ങളിൽ മുതിർന്ന നടൻ മമ്മൂട്ടിയിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് തുറന്നു പറഞ്ഞതാണ് ഓൺലൈൻ മീഡിയകളിൽ വാർത്തയാകുന്നത്.

‘മമ്മൂക്ക എന്നെ വിളിച്ചിരുന്നു. മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തരാനാണ് മമ്മൂക്ക നോക്കിയത്’ ഷൈൻ പറയുന്നു.

എടാ, നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു.

ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലെസ് യു എന്നായിരുന്നു അത്. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളിലെല്ലാം മമ്മൂക്കയുടെ ഒരു മെസേജ് എനിക്ക് വന്നിട്ടുണ്ട്.

Leave a Reply