കമ്പം: കാടിറങ്ങിയ ആക്രമണകാരിയായ ഒറ്റയാൻ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി ബെൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് ബെൽരാജ്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തമിഴ്‌നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് വനംവകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറി ഷണ്മുഖ നദി ഡാമിനോട് ചേർന്നുള്ള വനത്തിലാണ് അരിക്കൊമ്പൻ ഉള്ളത്. ഒത്താൽ മയ്യുവെടി വയ്ക്കും.
ഇടക്ക് കാട് കയറിയും, കാടിറങ്ങിയുമുള്ള അരിക്കൊമ്പൻറെ സഞ്ചാരം ദൗത്യത്തിന് തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്.