
അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. ശനിയാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേര്‍ന്ന തങ്ക അങ്കി വൈകിട്ട് മൂന്ന് വരെ പമ്പാ ഗണപതി കോവിലില്‍ ദര്‍ശനത്തിന് വച്ചശേഷം സന്നിധാനത്തേക്ക് പമ്പയില്‍നിന്നും പെട്ടിയിലാക്കി അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ ചുമന്ന് എത്തിച്ചു. തങ്ക അങ്കി ക്ഷേത്രസന്നിധിയില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും കണ്ഠര് മഹേഷ് മോഹനരും ഏറ്റുവാങ്ങി. നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുന്നത്. അതോടെ 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.