ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡിയായിരുന്നു മേനകയും ശങ്കറും. ഓൺ സ്ക്രീനിൽ നല്ല കെമിസ്ട്രിയും മാച്ചുള്ള തങ്ങൾ യഥാർത്ഥ ജീവിതത്തിലും ഒരുമിക്കണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മേനക സുരേഷ്.
ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് അക്കാലത്ത് താനുമായി ബന്ധപ്പെട്ട ഒരു പ്രധാന വിവാഹ ചർച്ചയെ കുറിച്ചും അതിൽ താനും ഭർത്താവും കുടുംബവും എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്.
അക്കാലത്ത് തനിക്ക് നിരന്തരം കത്തുകൾ വരുമായിരുന്നു. താനും നടൻ ശങ്കറും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്നും ഇരുവരും തമ്മിൽ ഒന്നിക്കുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടം എന്നുമായിരുന്നു പല കത്തിന്റെയും പൊരുൾ. ഭർത്താവ് സുരേഷ് കുമാർ അല്ല ശങ്കർ തന്നെയാണ് തന്നെ വിവാഹം ചെയ്യേണ്ടതെന്നും ചില കത്തുകളിൽ ഉള്ളടക്കം ഉണ്ടായിരുന്നു. എന്നാൽ താനും ശങ്കറും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും ഭർത്താവ് സുരേഷ് കുമാറുമായി താൻ പ്രണയത്തിലും വൈകാതെ വിവാഹം കഴിക്കുമെന്നും ശങ്കറിന് നേരത്തെ അറിയാമായിരുന്നുവെന്നും നടി പറയുന്നു. ശങ്കർ ഭർത്താവിന്റെയും നല്ല സുഹൃത്താണെന്നും മേനക കൂട്ടിച്ചേർത്തു.
പലപ്പോഴും പ്രേക്ഷകരിൽ നിന്നും വരുന്ന ഇത്തരം കത്തുകൾ പൊട്ടിച്ചു വായിച്ചിരുന്നത് തന്റെ ഭർത്താവാണെന്നും മറ്റു ചിലപ്പോൾ ശങ്കർ അടക്കമുള്ള സുഹൃത്തുക്കളും ഉണ്ടാവുമെന്നും മേനക പറയുന്നു. അടുത്തിടെ സാധനം വാങ്ങാൻ ഒരു കടയിൽ ചെന്നപ്പോൾ കടയുടമയും താനും ശങ്കറും തമ്മിൽ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നു എന്ന് പറയുകയുണ്ടായി. ഇത്തരത്തിൽ ശങ്കറിന്റെ അമ്മ വരെതങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് തെറ്റിദ്ധരിച്ചിരുന്നു എന്നും നടി പറയുന്നു. മേനക ശങ്കർ ജോഡി ആളുകൾക്ക് ഇത്രയും ഇഷ്ടമായിരുന്നു എന്നുള്ള കാര്യം താൻ അറിയുന്നത് തന്റെ കല്യാണശേഷമായിരുന്നു എന്നും മേനക കൂട്ടിച്ചേർത്തു.