പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ വളര്‍ത്തുമകള്‍ ‘മംഗള’യ്ക്ക് തിമിരത്തിനുള്ള മരുന്ന് അമേരിക്കയില്‍ നിന്നും എത്തിച്ചു. ചികിത്സ കഴിഞ്ഞാല്‍ അവള്‍ കാടിന്‍റെ സ്വന്തമാകും. പെരിയാള്‍ കടുവാ സങ്കേതത്തിന്‍റെ വളര്‍ത്തുമകള്‍ മംഗളയെ അറിയില്ലേ ? 2019 ന്‍റെ അവസാനം നീണ്ട് നിന്ന മഴയ്ക്ക് ശേഷം ചെറുതായി തണുപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പെരിയാർ കടുവ സങ്കേതം. പതിവുപോലെ സാധാരണമായൊരു വൈകുന്നേരത്തിന് ശേഷം സന്ധ്യമയങ്ങി രാത്രിയുടെ തുടക്കത്തില്‍ നാല് കാലിലും കാലുറയ്ക്കാതെ രണ്ട് മാസം പ്രായമുള്ള ഒരു കടുവ കുഞ്ഞ് (Tiger Cub)) ‘താറി താറി’ നടന്ന് വന്നത്. അന്ന് കയറിവന്ന അവളിന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കവേയായിരുന്നു ആ രോഗത്തെ കുറിച്ച് വനം വകുപ്പ് അറിഞ്ഞത്.
ഇന്നും അജ്ഞാതമായൊരു കാരണത്താല്‍ അവളെ, അമ്മ ഉപേക്ഷിച്ചതായിരുന്നു. അതോ,അവളെ സംരക്ഷിക്കാനായി അമ്മ തന്നെ മംഗളാദേവിയിലുള്ള വനം വകുപ്പ് സ്റ്റേഷനിലെക്കെത്തിച്ചതാണോ എന്നുമറിയില്ല. അതെന്തായാലും വനംവകുപ്പ് സ്റ്റേഷന്‍റെ വാട്ടര്‍ ടാങ്കിനടുത്തായി അവള്‍ കണ്ടെത്തിയപ്പോള്‍ ആ കുരുന്ന് ജീവന്‍ മരണാസന്നയായിരുന്നു. അവിടെ നിന്ന് വനം വകുപ്പ് ജീവനക്കാര്‍ അവളെ എടുത്ത് വളര്‍ത്തി.
അവര്‍ അവള്‍ക്ക് ‘മംഗളയെന്ന് പേരിട്ടു. അമ്മയില്‍ നിന്നുള്ള ഒറ്റപ്പെടല്‍ മാറാന്‍ ആദ്യമൊക്കെ അവര്‍ കൂട്ടിരുന്നു. പിന്നെ എന്നെങ്കിലും കാട്ടിലേക്ക് തിരിച്ചയക്കേണ്ടതിനാല്‍ അവര്‍ അവളെ ഒരു കൂട്ടിലേക്ക് മാറ്റി. ഭക്ഷണവും വെള്ളവും ആരോഗ്യ പരിശോധനകളും മുറയ്ക്ക് നടത്തി. കാടിന്‍റെ വന്യത ശീലിക്കുവാനും പതുക്കെ കാടിന്‍റെ ഭാഗമാക്കുവാനുമായി അവര്‍, അവളെ ഭക്ഷണം തേടി വേട്ടയാടി തിന്നാന്‍ പരിശീലിപ്പിച്ചു.
അതിനായി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുതിയ പുതിയ സാഹചര്യങ്ങളിലേക്ക് അവളെ മാറ്റി. ഒടുവില്‍ മംഗളയ്ക്ക് പതിനഞ്ച് മാസം പ്രായമായി. അവളെ കാടിന്‍റെ വന്യതയിലേക്ക് തുറന്നുവിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ആരോഗ്യ പരിശോധനകള്‍ നടത്തവേയാണ് മംഗളയ്ക്ക് തിമിരമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം കൂടുതൽ പരിശോധന നടത്താൻ വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ നാല് മൃഗഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘത്തെ നിയോഗിച്ചു.
വിശദമായ പരിശോധനക്ക് ശേഷം വിദഗ്ദ സംഘം ലാനോ സ്റ്റെറോൾ (Lanosterol) നിര്‍ദ്ദേശിച്ചു. മൃഗങ്ങള്‍ക്കുണ്ടാകുന്ന തിമിരത്തിനുള്ള മരുന്നാണ് ലാനോ സ്റ്റെറോള്‍. മരുന്ന് നിര്‍മ്മിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിൽ ഒരു കടുവയിലും കേരളത്തിൽ ഒരു നാട്ടാനക്കും ഈ മരുന്നുപയോഗിച്ച് മുമ്പ് ചികിത്സ നൽകിയിട്ടുണ്ട്. ഒടുവില്‍ തങ്ങളുടെ വളര്‍ത്തുമകള്‍ക്കായി 16,000 രൂപ വിലയുള്ള മരുന്ന് വാങ്ങാന്‍ തന്നെ വനം വകുപ്പ് തീരുമാനിച്ചു.
മംഗളയ്ക്ക് ഇന്ന് ലാനോ സ്റ്റെറോള്‍ നല്‍കി. ഇനി ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടര്‍മാരുടെ സംഘം മംഗളയെ വീണ്ടും പരിശോധിക്കും. അവളുടെ രോഗം പൂർണമായി ഭേദമായോ എന്ന പരിശോധനയാകും പ്രധാനമായും നടക്കുക. ഇരു കണ്ണിനും പഴയപോല കാഴ്ച ശക്തി കിട്ടിയാല്‍ മാത്രമേ അവളെ വനത്തിലേക്ക് സ്വതന്ത്രമായി വിടൂ.
അമ്മയുടെ പരിശീലനമില്ലാതെ വളര്‍ന്ന കടുവയായതിനാല്‍ കാടിന്‍റെ രീതി ശാസ്ത്രങ്ങള്‍ അവള്‍ക്ക് അന്യമായിരിക്കും. അത്തരം പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളോന്നും മംഗളയ്ക്കില്ല. വേട്ടയാടി ഇര പിടിക്കുന്നുണ്ട്. 40 കിലോ തൂക്കവുമുണ്ട്. തിമിരം ഭേദമായാല്‍ അവള്‍ക്ക് സ്വതന്ത്രമായി കാടുകയറാം. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയിലെ വനം വകുപ്പിന്‍റെ ചരിത്രത്തിലെ തന്നെ ആദ്യസംഭവമായിരിക്കും മംഗള സ്വതന്ത്രമായി വേട്ടയാടി ഇര പിടിച്ച് കാട്ടില്‍ മറയുന്നത്.