മംഗല്യഭാഗ്യത്തിന് തടസം നേരിട്ട് ദുഃഖിതരായ യുവതീയുവാക്കൾക്ക് ഉണ്ണിഗണപതിയുടെ അനുഗ്രഹത്താൽ തടസങ്ങളൊഴിഞ്ഞ് മംഗല്യഭാഗ്യം സിദ്ധിക്കുന്നതിനായി
ശ്രീ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഏറെ വിശിഷ്ടമായ വഴിപാടാണ് #മംഗല്യപൂജ തുടർച്ചയായ മൂന്ന് വർഷങ്ങളിലായി മൂന്ന് പൂജകളാണ് നടത്തേണ്ടത്.
ഈ കാലയളവിനുള്ളിൽ മിക്കവാറും ആദ്യ തവണത്തെ പൂജക്ക് ശേഷം വൈകാതെ തന്നെ മംഗല്യഭാഗ്യം ലഭിക്കുന്നതായാണ് മാല്യപൂജ നേർന്ന മിക്കവരുടേയും അനുഭവം. എന്നാൽ വിവാഹം നടന്നാലും നേർന്നപ്രകാരം മൂന്ന് പൂജകളും പൂർത്തിയാക്കേണ്ടതുണ്ട്.
ഇഷ്ടനിവേദ്യങ്ങളായ കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയവയാൽ ശ്രീമൂലസ്ഥാനത്ത് വാണരുളുന്ന ഉണ്ണിഗണപതിയെ പ്രീതിവരുത്തുന്ന അതീവശ്രേഷ്ഠകരമായ മംഗല്യപൂജ എല്ലാ ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലും നടത്തിവരുന്നു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ ജാതി, മത വിഭാഗത്തിൽ പെട്ടവരും മംഗല്യപൂജയിൽ പങ്കുകൊള്ളുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മംഗല്യപൂജ തൊഴുന്നതിനായി കാലത്ത് ഒൻപത് മണിക്ക് മുന്‍പ് ക്ഷേത്രത്തിൽ എത്തിച്ചേരണം. പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി വേണം മടങ്ങാൻ തുലാം മാസത്തിലെ മുപ്പെട്ടു വെള്ളിയാഴ്ച നടത്തുന്ന (മലയാളത്തിലെ ആദ്യ വെള്ളിയാഴ്ച) മഹാമാംഗല്യപൂജയും ഏറെ വിശേഷപ്പെട്ടതാണ്.
മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെ സിരാകേന്ദ്രമായ പെരിന്തൽമണ്ണ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ ക്ഷേത്രനഗരിയായ അങ്ങാടിപുറത്ത് കോഴിക്കോട്-പാലക്കാട് ഹൈവേയിൽ നിന്നും കാണാവുന്ന അകലത്തിൽ പ്രശാന്തസുന്ദരമായ പ്രദേശത്ത് അതീവ ചെതന്യത്തോടെ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമാണ് ശ്രീ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. കേരളത്തിനകത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഒട്ടനേകം ഭക്തജനങ്ങൾ എത്തിച്ചേരുന്ന തിരുമാന്ധാംകുന്നിലെ മംഗല്യപൂജയിലൂടെ മംഗല്യഭാഗ്യം സിദ്ധിച്ചവർ ഒട്ടനവധിയാണ്.ശ്രീപാർവ്വതി പൂജിച്ചിരുന്നത് എന്ന് വിശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠയെങ്കിലും ഭഗവതിക്ക് ഇവിടെ കൂടുതൽ പ്രാധാന്യം കല്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശ്രീ മൂലസ്ഥാനത്ത് വാണരുളുന്ന വിഘ്നവിനാശകനായ ഉണ്ണിഗണപതിക്കും പ്രാധാന്യമേറെയാണ്. തെക്കേനട കയറി തിരുമുറ്റത്തെത്തുമ്പോൾ കിഴക്കോട്ട് അഭിമുഖമായി കാണുന്ന ശ്രീമൂലസ്ഥാനത്ത് ആദ്യം തൊഴുത് വേണം . തുടർന്ന് ഗണപതിയെയും തൊഴുത് വടക്കേ നടയിലെത്താം. വടക്കേ ബലിക്കൽപുരയിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് ദേവിയെ തൊഴാം. മൂലസ്ഥാനത്ത് തൊഴുത് പ്രാർഥിച്ചശേഷമേ നാലമ്പലത്തികത്ത് പ്രവേശിക്കാവൂ.
എല്ലാ കാര്യതടസ്സങ്ങളും വിഘ്നേശ്വരൻ മാറ്റിത്തരുമെന്നാണ് വിശ്വാസം.
,
ചുറ്റമ്പലത്തിനകത്ത് സപ്തമാതൃക്കളോടൊപ്പം മാതൃശാലയിൽ കുടികൊള്ളുന്ന ശ്രീ തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം വരിക്കപ്ലാവിന്റെ തടിയിൽ കടഞ്ഞെടുത്തതാണ്. ഭദ്രകാളീഭാവത്തിൽ വാണരുളുന്ന അമ്മയുടെ ദാരുവിഗ്രഹത്തിന് ഏതാണ്ട് ആറരയടിയോളം വലിപ്പമുണ്ട്. വടക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മാതൃശാലക്ക് സമീപത്തായി
വടക്ക് -പിടഞ്ഞാറെ മൂലയിൽ ശ്രീ പരമേശ്വരന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലും മുഖമണ്ഡപവും കിഴക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്നു. ചുറ്റമ്പലത്തിന് പുറത്തായി ക്ഷേത്രപാലസ്വാമിയുടേയും ശ്രീമൂലസ്ഥാനത്തെയും പ്രതിഷ്ഠകൾക്ക് പുറമേ നാഗങ്ങളുടെയും ബ്രഹ്മരക്ഷ സ്സിന്റെയും പ്രതിഷ്ഠകളും കൂടാതെ വടക്കേനടയിലെ ആൽമരച്ചുവട്ടിൽ ആൽത്തറ ഗണപതിയെന്ന് അറിയപ്പെടുന്ന ശ്രീമഹാഗണപതിയുടെ പ്രതിഷ്ഠയുമുണ്ട്.
വസൂരി പോലുള്ള മാറാരോഗങ്ങൾ പടർന്നിരുന്ന കാലങ്ങളിൽ ദേവീഭജനത്താൽ രോഗമുക്തി നേടാമെന്ന് വിശ്വസിച്ചു വന്നിരുന്നതും ഭക്തകവി പൂന്താനത്തിന് രോഗം വന്നപ്പോൾ ഇവിടെ ഭജിച്ചാണ് രോഗം ഭേദമായതെന്നും ഐതീഹ്യമുണ്ട്.
മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ നടത്തിവരുന്ന ചാന്താട്ടം തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്. അതുപോലെതന്നെ
തുലാം മാസം ഒന്നാം തീയതി രാവിലെ പന്തീരടി പൂജയ്ക്ക് മുൻപായി വടക്കേ നടയിൽ പത്തു നടയിലും താഴെയുമായി ഭക്തജനങ്ങൾ ചേരിതിരിഞ്ഞ് ആട്ടങ്ങ കൊണ്ട് പരസ്പരം എറിയുന്ന ആട്ടങ്ങയേറ്ക്ഷേത്രോൽപ്പത്തിയുടെ ഐതീഹ്യമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചു വരുന്ന സവിശേഷമായ ചടങ്ങാണ്. ശ്രീമാന്ധാതാവ് മഹർഷിയിൽ പ്രസീദനായ ശ്രീ പരമേശ്വരൻ കൈലാസത്തിൽ ശ്രീപാർവ്വതി ദേവീ പൂജിച്ചിരുന്ന ശിവലിംഗം മാന്ധാതാവ് മഹർഷിക്ക് നൽകുകയും ആയതറിഞ്ഞ് ശിവലിംഗം തിരിച്ചെടുക്കാനായെത്തിയ ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ആളുകളും തമ്മിൽ യുദ്ധമുണ്ടായതിന്റെ സ്മരണ പുതുക്കുന്ന ചടങ്ങാണ് ആട്ടങ്ങയേറ്.
വർഷംതോറും മീനമാസത്തിൽ മകയിരം നാൾ മുതൽ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന പുരോത്സവം വള്ളുവനാടിന്റെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്ന പ്രധാനപ്പെട്ട ഉത്സവാഘോഷമാണ്.