ധ്രുവ് വിക്രം നായകനായി എത്തിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ ‘ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ മണി രത്‌നം. മണി രത്നത്തിന്റെ സന്ദേശം മാരി സെൽവരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായെന്നും, മാരി സെൽവരാജാണ് യഥാർത്ഥ ബൈസണെന്നും’ പറഞ്ഞ മണി രത്‌നം, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു
ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.









