കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നൽകിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പിഴ അടയ്‍ക്കേണ്ടിവരും. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി.
കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.മണിക്കൂറുകൾക്കുള്ളിൽ 31 പേര്‍ മരിച്ചു. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസ വെളിപ്പെടുതി. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു.