Spread the love

കൊല്ലം ∙ മോട്ടർ വാഹന വകുപ്പിന്റെ എഐ (ആർട്ടിഫിഷൽ ഇന്റലിജൻസ്) ക്യാമറയെ കബളിപ്പിക്കാനായി നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ച ഒട്ടേറെ വാഹനങ്ങൾ പൊലീസ് പിടിയിൽ. വാഹന നമ്പരുകൾ തിരിച്ചറിയാത്ത രീതിയിലാക്കി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടതോടെ സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം നടത്തിയ സ്പെഷൽ ഡ്രൈവിലാണു 243 വാഹനങ്ങൾ പൊലീസ് പിടിയിലായത്.

നമ്പർ പ്ലേറ്റുകളില്ലാതെയും നമ്പരുകൾ ചുരണ്ടി മാറ്റിയും മാറ്റം വരുത്തിയും സ്റ്റിക്കറുകൾ പതിപ്പിച്ചുമാണ് ഇവർ ക്യാമറയെ കബളിപ്പിക്കാൻ ശ്രമിച്ചത്. കൊല്ലം സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിലായി 234 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുകയും 9 വാഹനങ്ങൾ പിടിച്ചെടുത്തു കേസ് ചുമത്തി കോടതിക്കു കൈമാറുകയും ചെയ്തു. ചവറ തെക്കുംഭാഗം സ്റ്റേഷനുകളിൽ 3 വാഹനങ്ങളും ചാത്തന്നൂർ, പരവൂർ സ്റ്റേഷനുകളിൽ 2 വീതവും കണ്ണനല്ലൂർ, ചവറ സ്റ്റേഷനുകളിൽ ഒന്ന് വീതവും ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്തു കോടതിക്കു കൈമാറി.

നമ്പർ മാറ്റം വരുത്തി ഉപയോഗിക്കുന്നതു 10,000 രൂപ പിഴ ചുമത്തുന്ന കുറ്റമാണ്. ഇത്തരത്തിൽ നമ്പരുകൾ തിരിച്ചറിയാത്ത രീതിയിലാക്കി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണം. നിയമവിരുദ്ധമായി നമ്പർ പ്ലേറ്റ് ഇല്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply