Spread the love

ന്യൂഡൽഹി∙ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്കു മാറ്റി സുപ്രീം കോടതി. ഇതിനാവശ്യമായ നടപടികളെടുക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.‌ കേസ് നടത്തിപ്പിനും മറ്റും ഓൺലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.ഇരകൾക്കു മണിപ്പുരിൽനിന്നു ഓണ്‍ലൈനായി അസമിലെ പ്രത്യേക കോടതിയിൽ മൊഴി നൽകാനും സൗകര്യമുണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കേസുകളുടെ വിചാരണ നടപടികള്‍ അസമിലേക്കു മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണു നടപടി.

പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട മണിപ്പുരിലെ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നതു പിന്നീട് പക്ഷപാത ആരോപണങ്ങള്‍ക്കു കാരണമാകുമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.ആവശ്യമെങ്കില്‍ ഒന്നിലധികം വിചാരണാക്കോടതി ജഡ്ജിമാരെ ചുമതലപ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു. മണിപ്പുർ കലാപത്തിനിടെ ഏഴു വയസ്സുകാരനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിൽ ചുട്ടുകൊന്ന കേസ് അടക്കം 20 കേസുകളാണ് സിബിഐയ്ക്കു കൈമാറിയത്. കുക്കികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു മെയ്തെയ് വനിത നൽകിയ പരാതിയും സിബിഐക്കു കൈമാറിയിട്ടുണ്ട്.

Leave a Reply