മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫർ. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജും പല സിനിമകളുടെ പരാജയങ്ങൾക്ക് ശേഷം ലാലേട്ടനും ഒരുപോലെ മലയാളം സിനിമ ഇൻഡസ്ട്രിയിൽ കാലുറപ്പിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. ബോക്സോഫീസിൽ വൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനായി അക്ഷമരായി ഇരിക്കുകയാണിപ്പോൾ സിനിമാരാധകർ. ഇതിനിടയിൽ ഒരു സ്വകാര്യ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ ലൂസിഫർ എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് താൻ എങ്ങനെ എത്തിപ്പെട്ടു എന്നതിനെക്കുറിച്ചും ലാലേട്ടനെ പോലെ ഒരു വലിയ നടനും മലയാളം ഇൻഡസ്ട്രിയിലെ തിരക്കേറിയ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും ഇക്കാര്യത്തിൽ തന്നെ എങ്ങനെ പിന്തുണച്ചു എന്നും പറയുകയാണ് പൃഥ്വിരാജ്.
മുൻപൊരിക്കൽ മുരളി ഗോപി തന്നോട് ലൂസിഫറിന്റെ കഥ പറയുകയായിരുന്നു. കഥ വളരെയധികം ഇഷ്ടപ്പെട്ടതോടെ ഇതാരാണ് ചെയ്യാൻ പോകുന്നത് എന്ന് താൻ മുരളിയോട് ചോദിക്കുകയായിരുന്നു. ഇതിന് മറു ചോദ്യമായി ‘എന്താ നീ ചെയ്യുന്നോ എന്ന്’ മുരളി തന്നോടും ചോദിച്ചെന്നും ഇതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ആ സമയത്ത് ലാലേട്ടനെ വച്ച് രാജേഷ് പിള്ളയായിരുന്നു ചിത്രം ചെയ്യാനിരുന്നത്. അതിലേക്ക് മുരളി തന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു എന്നും എന്നാൽ ഇക്കാര്യം കേൾക്കുമ്പോൾ ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒരു തമാശയായി എടുക്കും എന്നാണ് താൻ കരുതിയിരുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു.
അന്ന് വൈകുന്നേരം തന്നെ ആന്റണി തന്നെ നേരിൽ കണ്ട് ലാലേട്ടനെ വിളിച്ചു തന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ അനൗൺസ്മെന്റും നടത്തി. ഇതോടെ ലൂസിഫർ ഒരു കമ്മിറ്റ്മെന്റ് ആവുകയായിരുന്നു എന്നും ഇങ്ങനെയാണ് സിനിമയിലേക്ക് താൻ എത്തിയതെന്നും നടൻ പറയുന്നു.