മലയാളികളുടെ എവർഗ്രീൻ ഫേവറൈറ്റ് മൂവികളിൽ ഒന്നാണ് ജയറാം, മഞ്ജു വാര്യർ, സുരേഷ് ഗോപി, മോഹൻലാൽ, കലാഭവൻ മണി എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന സിബി മലയിൽ ചിത്രം സമ്മർ ഇൻ ബത്ലഹേം. ഊട്ടിയുടെ ദൃശ്യ ഭംഗിയും ഹിറ്റ് ഗാനങ്ങളും ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ സീരിയസ് മോഡ് ആകുന്ന തിരക്കഥയും കൂടിയായപ്പോൾ സിനിമ വർഷങ്ങൾക്കിപ്പുറവും തലമുറ ഭേദമില്ലാതെ മലയാളികളുടെ ഇഷ്ടസിനിമ ആവുകയായിരുന്നു.
ആരെന്ന് വെളിപ്പെടുത്താതെ 5 മുറപ്പെണ്ണിൽ ഒരാൾ നായകന്മാരിൽ ഒരാളായ ജയറാമിന് പൂച്ചയെ അയക്കുന്ന ഒരു സീൻ ഉണ്ട്. പൂച്ചയെ അയച്ചത് ഇവരാകാമെന്ന് ചെറിയ സൂചനയൊക്കെ തരുന്നുണ്ടെങ്കിലും പൂച്ച കൊറിയറിനു പിന്നിലെ അജ്‌ഞാത കാമുകി ആരെന്ന് ഒരു പിടിയും തരാതെയാണ് പടം അവസാനിക്കുന്നത്.
ഇപ്പോഴിതാ ഈ രഹസ്യത്തെ കുറിച്ച് വർഷങ്ങൾക്കിപ്പുറം സംസാരിക്കുകയാണ് മഞ്ജു വാര്യർ.
യഥാർത്ഥത്തിൽ ഈ കാമുകി ആരെന്ന് അതിൽ അഭിനയിച്ച താരങ്ങൾക്ക് പോലും അറിയില്ലെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്..
“പണ്ട് സ്ഥിരം ഈ ചോദ്യം കേൾക്കാറുണ്ടായിരുന്നു. പലരും അത് എന്നോട് ചോദിച്ചിട്ടിട്ടുണ്ട്. പൂച്ചയെ ആരാണ് അയച്ചതെന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. ഇപ്പോഴും അത് എഴുതിയ രഞ്ജിത്ത് ചേട്ടനും സംവിധാനം ചെയ്ത സിബി സാറിനും മാത്രമേ അറിയൂ. ആരെയെങ്കിലും അവർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്റെ അറിവിൽ അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.