ബാലരമയിലെ മായാവി ചിത്രകഥ സിനിമയാക്കിയാൽ എങ്ങനെയിരിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മായാവിയും കുട്ടൂസനും ഡാകിനി അമ്മൂമ്മയും രാജുവും രാധയുമൊക്കെയായി ആരെത്തുമെന്ന ആകാംഷ തോന്നുന്നില്ലേ? മായാവി ചിത്രകഥ സിനിമയായിലെങ്കിലും രസകരമായ വീഡിയോ ആയി ഇറക്കിയിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ വൈറലാണ്.
രാജുവിനെയും രാധയെയും സ്ഥിരമായി അപകടങ്ങളിൽ നിന്നും രക്ഷിക്കാനെത്തുന്ന മായവിയായി വിഡിയോയിൽ എത്തിയിരിക്കുന്നത് യുവതാരം ടൊവിനോയാണ്. ഡാകിനി അമ്മൂമ്മയായി മഞ്ജു വാര്യരും ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും എത്തിയിട്ടുണ്ട്. ഓരോ കഥാപാത്ര സൃഷ്ടിയും അതിമനോഹരമെന്ന് പറയാതിരിക്കാൻ വയ്യ. രാജുവും രാധയുമായി യുവതാരങ്ങളായ ബേസിലും അനശ്വര രാജനുമാണ് എത്തുന്നത്.
അതേസമയം വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. പെർഫെക്ട് കാസ്റ്റ്’ എന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് പലരും നൽകുന്ന കമന്റ്. അതേസമയം മായാവി ചിത്ര കഥ സിനിമയാകുകയാണോ എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്തായാലും ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഇപ്പോൾ വൻ വൈറൽ ആണ്.