മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ പ്രായത്തെ വെല്ലുന്ന ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമാണ്. ഈ ചർച്ചകൾക്ക് വീണ്ടും മരുന്ന് പകർന്നിരിക്കുകയാണ് മഞ്ജു. പക്ഷെ, ഇത്തവണ താരത്തിൻറെ സൗന്ദര്യം മാത്രമല്ല ഫോട്ടോഗ്രാഫറുടെ പ്രാഗൽഭ്യവും ചർച്ചാ കേന്ദ്രമാണ്.
കാരണം, മഞ്ജു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയത് മറ്റാരുമല്ല, സാക്ഷാൽ മമ്മൂട്ടി തന്നെ. മലയാള സിനിമയിലെ പ്രഗൽഭനായ ഫോട്ടോഗ്രാഫർ മമ്മൂക്ക പകർത്തിയ ചിത്രങ്ങളാണിവയെന്നും ഇത് നിധിയാണെന്നുമാണ് മഞ്ജു ഫോട്ടോകൾക്കൊപ്പം കുറിച്ചത്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ ചിത്രമായ ചതുർമുഖത്തിൻറെ പ്രമോഷനെത്തിയ മഞ്ജുവിൻറെ കിടിലൻ മേക്കോവർ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം, നിരവധി താരങ്ങളുടെ ചിത്രങ്ങൾ പകർത്തിയ മമ്മൂട്ടി മികച്ച ഫോട്ടോഗ്രാഫറാണെന്ന് ഇതിനു മുമ്പും തെളിയിച്ചതാണ്. ഫോട്ടോഗ്രഫിയിലുള്ള താൽപര്യം താരം പലപ്പോഴായി പങ്കുവച്ചിട്ടുമുണ്ട്.