Spread the love

കോവിഡ് ഭീതി മറികടന്ന് കുരുന്നു ജീവന് കാവലായി മാന്നാര്‍ പോലീസ്. കോവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചാണ് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, ജഗദീഷ് എന്നിവര്‍ മാതൃകയായത്. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവായ മാതാപിതാക്കളെയും പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബുധനൂരില്‍ നിന്നും പട്രോളിങ് കഴിഞ്ഞു വരുന്ന വഴിയാണ് പൊലീസ് സംഘം റോഡരികില്‍ കൈക്കുഞ്ഞുമായി വാഹനം കാത്തുനില്‍ക്കുന്ന ദമ്പതികളെ കണ്ടത്. കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ സ്റ്റോര്‍ മുക്കില്‍ റോഡരികില്‍ നില്‍ക്കുന്ന ഇവര്‍ വാഹനങ്ങള്‍ക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാല്‍, ആരും വാഹനം നിര്‍ത്തിയില്ല. പൊലീസ് സംഘം വിവരം തിരക്കിയപ്പോഴാണ് ദമ്പതികള്‍ കൊവിഡ് പോസിറ്റാവാണെന്ന് അറിയുന്നത്. കുഞ്ഞിനാകട്ടെ, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. എത്രയും വേഗം മൂവരെയും പൊലീസ് ജീപ്പില്‍ കയറ്റി സമീപത്തുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച പൊലീസ് സംഘം ഇപ്പോള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Leave a Reply