Spread the love

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഇന്നലെ നടന്ന ഭരണസമിതി യോഗം തീരുമാനങ്ങളെടുക്കാനാകാതെ പിരിഞ്ഞു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എടുത്ത ചില തീരുമാനങ്ങൾ ഭരണസമിതി യോഗത്തിൽ ചർച്ചക്ക് വെച്ചതാണ് യോഗം അലസിപിരിയാൻ ഇടയാക്കിയത്. പ്രസിഡണ്ടും ബുഷറയും ഒഴികെ മറ്റ് മുസ്ലീം ലീഗ് അംഗങ്ങളാരും യോഗത്തിന് എത്തിയില്ല എന്നതും ശ്രദ്ധേയമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഉമ്മുസൽമ സെക്രട്ടറിക്ക് എതിരെ നൽകിയ പരാതിയാണ് യോഗത്തിൽ അജണ്ടയായി വന്നത്. എന്നാൽ ഈ അജണ്ടകൾ താൻ അറിയാതെയാണ് യോഗത്തിൽ ചർച്ചക്ക് വെച്ചിട്ടുള്ളതെന്നും ഇത് തീർത്തും വ്യക്തിപരമായ അജണ്ടയാണെന്നും അധ്യക്ഷ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെതിരെ സംസാരിച്ചതാണ് യോഗം അലസാൻ ഇടയാക്കിയത്.

ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കാര്യങ്ങൾ ഭരണസമിതി യോഗത്തിൽ തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും അജണ്ടകൾ വ്യക്തിപരമല്ലെന്നും മറ്റ് അംഗങ്ങൾ വാദിച്ചു. ബഹളമായതോടെ അധ്യക്ഷ യോഗം അവസാനിച്ചതായി അറിയിച്ചു. ഇതോടെ ഒരു കാര്യത്തിലും തീരുമാനമെടുക്കാനാവാതെ യോഗം പിരിയുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 4 മാസത്തോളമായി തുടരുന്ന അസ്വാരസ്യങ്ങൾ പാർട്ടി നേതൃത്വങ്ങൾ ഇടപ്പെട്ടിട്ടും ഇപ്പോഴും തുടരുകയാണ്.

Leave a Reply