പയ്യന്നൂർ : പൊങ്ങിലാട്ട് തറവാട്ടിലെ രണ്ടാം അവകാശി പൊങ്ങിലാട്ട് മനോജ് മാരാർ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വലന്തല പ്രമാണിയായി ഉണ്ട്. ചെറുതാഴം ഹനുമാരമ്പലം സ്വദേശിയായ മനോജ് പത്താം വയസ്സിലാണ് ചെണ്ടയുടെ ബാലപാഠം പഠിച്ചത്. വാദ്യരത്നം ചെറുതാഴം ചന്ദ്രൻ മാരാരാണ് ഗുരു. 16-ാം വയസ്സിൽ അമ്മാവൻ പൊങ്ങിലാട്ട് കൃഷ്ണമാരാരുടെ പകരക്കാരനായി എത്തിയാണ് വലന്തല പ്രമാണിയായി മാറിയത്.
പുലർച്ചെ 3.30ന് ക്ഷേത്രത്തിൽ ശംഖ് നാദം മുഴക്കി കൊട്ടിപ്പള്ളി ഉണർത്തൽ നടത്തിയാണ് ക്ഷേത്രത്തിലെ ഒരു ദിവസത്തെ ജോലി തുടങ്ങുന്നത്. നേത്ര പൂജ, ഉഷ പൂജ, ശീവേലി, നവകാഭിഷേകം, ഉച്ച പൂജ എന്നിവയ്ക്കെല്ലാം വലന്തല പ്രമാണിയുണ്ടാകും. വൈകിട്ട് സന്ധ്യ ദീപം തെളിയുമ്പോൾ ശംഖു നാദം മുഴക്കണം. സേവ, അത്താഴ പൂജയ്ക്കും വലംതല പ്രമാണിയായുണ്ടാകണം. വിശേഷാൽ അടിയന്തിരത്തിനുള്ള പാണി, ശ്രീഭൂതബലി, കളഭ പാണി, ആരാധന കാലത്തെ ദേവിയുടെ കാളിമാത്ര ഇതിനെല്ലാം മനോജ് വേണം.