Spread the love

സമീപകാലത്ത് ഹിറ്റായ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നായികയാണ് അനാർക്കലി മരിക്കാർ. നടിയുടെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ കഴിഞ്ഞദിവസം പുനർവിവാഹിതനായിരുന്നു. വാപ്പയുടെ നിക്കാഹ് ദിനത്തിൽ പൂർണ്ണ പിന്തുണയോടെയും സന്തോഷവതികളായും പങ്കുചേർന്ന അനാർക്കലിയുടെയും സഹോദരി ലക്ഷ്മിയുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പിതാവിന്റെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ വ്യാപകമായി ആളുകൾ വിമർശിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

തന്റെ പിതാവിന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാകുക എന്നതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരിയാണെന്നും അത് തിരിച്ചറിഞ്ഞതു കൊണ്ടാണ് സന്തോഷപൂർവ്വം പങ്കെടുത്തതെന്നും നടി പറയുന്നു. എന്നാൽ ഇക്കാരണം കൊണ്ട് പലർക്കും തന്നോട് ഇഷ്ടക്കേട് ഉണ്ടായി. എന്നാൽ താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും ബാപ്പയും ഉമ്മയും കൂടെ നിൽക്കുമെന്നും അതുപോലെ അവരെയും പിന്തുണയ്ക്കേണ്ടത് ഉണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് വിവാഹത്തിന് പോയതെന്നും അനാര്‍ക്കലി പറഞ്ഞു.

പലർക്കും ഇതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. താൻ ചടങ്ങിൽ പങ്കെടുത്തതും സ്റ്റോറി ഇട്ടതുമെല്ലാം പലർക്കും ദഹിച്ചിട്ടില്ല. ഇതെല്ലാം വളരെ നോർമൽ ആയിട്ടുള്ള കാര്യമാണെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു തനിക്ക്. തന്റെ പിതാവ് പുതിയൊരു ജീവിതം, പുതിയൊരു സ്ത്രീയുമായി തുടങ്ങുമ്പോൾ അതിന്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവർ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തതെന്നും അനാര്‍ക്കലി പറയുന്നു.

Leave a Reply