പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്.
പ്രായം തോറ്റു മാറിനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനു മുന്നിൽ പ്രഗൽഭരായ കലാകാരന്മാർ ഉൾപ്പെടെ കയ്യടിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തു എന്ന് തുറന്നു പറയുകയാണ് നടനും സഹോദരനുമായ ഇബ്രാഹിം കുട്ടി.
ഒരുകാലത്ത് മമ്മൂക്ക തുടർച്ചയായ പരാജയങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. തുടർച്ചയായി ആറോളം ചിത്രങ്ങൾ പരാജയപെട്ടതോടെ മമ്മൂക്ക വ്യക്തിപരമായി തളർന്നു എന്നതരത്തിൽ പലരും പറഞ്ഞിരുന്നു. ഈ വിലയിരുത്തലുകളിൽ ആണ് താരത്തിന്റെ സഹോദരൻ വിശദീകരണം നൽകിയിരിക്കുന്നത്.”അന്ന് പരാജയപ്പെട്ടു എന്ന് പറയുന്ന സിനിമകൾ വീണ്ടും എടുത്തുകണ്ടാൽ അതത്ര മോശം സിനിമകളൊന്നും ആയിരുന്നില്ല. വീണ്ടും, ന്യായവിധി, പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ, ഗീതം, ആളൊരുങ്ങി അരങ്ങൊരുങ്ങി, അതിനുമപ്പുറം, ഇങ്ങനെയുള്ള കുറേ സിനിമകളാണ് ആ കാലത്ത് വന്നത്. ഇച്ചാക്കായുടെ ഓരോ കാലഘട്ടത്തിലെ സിനിമകളും നമുക്കറിയാം. അതൊന്നും മോശം സിനിമകളോ മോശം സംവിധായകരോ ആയിരുന്നില്ല.
ഇന്ന് സോഷ്യൽ മീഡിയ ചെയ്യുന്ന രീതിയായിരുന്നു അന്ന് പ്രിന്റ് മീഡിയയുടേത്. ജനങ്ങളിൽ നിന്ന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.സിനിമ പരാജയമാണെന്ന് കരുതി ഇച്ചാക്ക വീട്ടിൽ വന്ന് വിഷമിച്ചിട്ടൊന്നുമില്ല. മമ്മൂട്ടി കരഞ്ഞു എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, നമ്മുടെ മുമ്പിലൊന്നും ഒരു വിഷമവും മൂപ്പർ കാണിച്ചിട്ടില്ല. സിനിമ പരാജയമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇപ്പോൾ പോലും മമ്മൂട്ടിയുടെ ഏതു സിനിമ വന്നാലും ഞങ്ങൾക്ക് ടെൻഷനുണ്ട്. അന്നും ഇന്നും അങ്ങനെ തന്നെയാണ്.