Spread the love

നടൻ ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ പണി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. രജനികാന്ത് ചിത്രം വേട്ടയ്യൻ, ബോഗയ്ന്‍വില്ല എന്നീ സിനിമകളെയും ‘പണി’ ബുക്ക് മൈ ഷോയിൽ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിരുന്നു.

ജന്മനാ കേൾവിശേഷിയും സംസാരശേഷിയും ഇല്ലാത്ത ആളാണ് ചിത്രത്തിലെ നായികാ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നതെന്ന കാര്യം ഏറെ ശ്രദ്ധേയമായിരുന്നു. പോരായ്മാകളെ കഴിവ് കൊണ്ട് തോൽപിച്ച പ്രകടനമായിരുന്നു ചിത്രത്തിൽ നടി അഭിനയ കാഴ്ച വച്ചത്. ഇപ്പോഴിതാ ജന്മനാ കേൾവിശേഷിയും സംസാരശേഷിയും ഇല്ലാത്തതിനാൽ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുണ്ടെന്നും എന്നാൽ അതൊക്കെ തരണം ചെയ്ത് അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചുവെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അഭിനയ. പരിഭാഷകയുടെ സഹായത്തോടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

“മിണ്ടാനും കേൾക്കാനും പറ്റാത്ത പെൺകുട്ടിയെ സിനിമ നടി ആക്കാൻ നടക്കുന്നു എന്ന് പറഞ്ഞ് എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ട്. അവർ നേരിട്ട പരിഹാസങ്ങൾക്കുള്ള മറുപടി ആയാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് പറഞ്ഞവരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ.

ഒരുപാട് പേർ അച്ഛനെയും അമ്മയെയും കളിയാക്കിയിട്ടുണ്ട്. ഈ കുട്ടി എങ്ങനെ അഭിനയിക്കുമെന്ന് പലരും അവരോട് ചോദിച്ചു. ആദ്യമൊക്കെ സിനിമകൾ ചെയ്യുമ്പോൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലൊക്കെ അമ്മയാണ് എനിക്ക് പറഞ്ഞുതരുന്നത്. മലയാളം അമ്മയ്‌ക്കും അറിയില്ലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് പണി.

എല്ലാവരും സംസാരിക്കുമ്പോൾ ലിപ് സിങ്ക് വച്ചാണ് ഞാൻ മനസിലാക്കുന്നത്.
അച്ഛനും അമ്മയുമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്ന് അവർ എന്നോട് പറഞ്ഞു. പിന്നീട് എനിക്ക് ആത്മവിശ്വാസം ഉണ്ടാകാൻ തുടങ്ങി. പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളാണ് എന്നെ സഹായിച്ചിരുന്നത്”.

ഞാനൊരു നടിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരുപാട് പേരുടെ അഭിനയം കണ്ടാണ് ഞാൻ അഭിനയത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നതെന്നും അഭിനയ വ്യക്തമാക്കി.

Leave a Reply