പാലക്കാട്: നെന്മാറയിൽ പട്ടാപ്പകൽ അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ചെന്താമര എന്ന കൊടുംകുറ്റവാളിയെ ഭയന്നാണ് അവിടുത്തെ നാട്ടുകാർ ജീവിക്കുന്നത്. സ്ത്രീകളോട് പ്രത്യേകതരം വൈരാഗ്യം വച്ചുപുലർത്തുന്ന സ്വഭാവക്കാരനാണ് ചെന്താമരയെന്ന് അയൽവാസികൾ പറയുന്നു. ഇയാളുടെ വധഭീഷണി ഭയന്ന് ഭർത്താവിനെ ജോലിക്ക് വിടാതെ വീടിന് കാവൽ നിറുത്തിയിട്ടുള്ള സ്ത്രീകളുമുണ്ട്.
നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. ഇന്നലെ രാവിലെ 9.15നായിരുന്നു അരും കൊല. വ്യക്തി വൈരാഗ്യമായിരുന്നു കാരണം. അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽക്കയറി കഴുത്തറുത്ത് കൊന്നിരുന്നു. അന്ന് പൊലീസ് നായ മണംപിടിച്ച് ചെന്താമരയുടെ ബന്ധുവാവയ പരമേശ്വരന്റെ വീട്ടിലാണ് എത്തിയത്. പരമേശ്വരന്റെ ഭാര്യയേും കൊല്ലാൻ പദ്ധതി ഇട്ടിരുന്ന പ്രതി അവിടെ എത്തുകയും, കാണാത്തതിനെ തുടർന്ന് തിരികെ പോവുകയുമായിരുന്നു. ഈ കേസിൽ മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ചെന്താമരയ‌്ക്ക് മാനസികമായി ഒരു പ്രശ്നവുമില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കുന്നു. കൊലപാതകങ്ങളെല്ലാം വളരെ ആസൂത്രണത്തോടെ ചെയ്യുന്നതാണ്. ഇന്നലെ സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ മറ്റൊരു സ്ത്രീയേയും ചെന്താമര ലക്ഷ്യംവച്ചിരുന്നതായും, അവർ വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.ആലത്തൂർ ഡിവൈ.എസ്.പി എൽ. മുരളീധരൻ, നെന്മാറ എസ്.എച്ച്.ഒ മഹേന്ദ്ര സിംഹൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് തെരച്ചിൽ നടത്തുന്നത്. മണം പിടിച്ച പൊലീസ് നായ 200 മീറ്റർ അകലെയുള്ള ചെന്താമരയുടെ തറവാട്ടിലേക്കാണ് പോയത്. പ്രതി സമീപത്തെ മലയിലുണ്ടാകാമെന്ന സൂചനയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചു വരെ ഡ്രോൺ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പ്രതിയുടെ സഹോദരനെയും കൊണ്ട് പൊലീസ് തമിഴ്നാട്ടിലെ തിരിപ്പൂരിലേക്ക് പോയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യം മകളും വർഷങ്ങളായി ഇയാളിൽ നിന്ന് അകന്ന് കഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയൽവാസിയായ നീളൻ മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019ൽ അവരെ വകവരുത്തിയത്.