റായ്പുർ ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു. ജനപഥ് പഞ്ചായത്ത് അംഗമായ ത്രിപാഠി കട്‍ല എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കു തോയ്നർ ഗ്രാമത്തിലെ ഒരു കല്യാണത്തിൽ പങ്കെടുത്തു വരുന്നവഴിയാണു ത്രിപാഠി കട്‍ലയ്ക്കു നേരെ ആക്രമണമുണ്ടായത്. ആയുധങ്ങളുമായി സംഘം ബിജെപി നേതാവിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ത്രിപാഠി കട്‍ല ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ഈ വർഷം ഛത്തീസ്ഗഡിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ബിജെപി നേതാവാണ് ത്രിപാഠി. പോയ വർഷം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചകൾ നടത്തുന്നതു സംബന്ധിച്ച് ഉപമുഖ്യമന്ത്രി വിജയ് ശർമ നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണു വീണ്ടുമൊരു കൊലപാതകം നടന്നതെന്നതു അറിയുന്നു.