മറവിരോഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് വിവാഹിതരിലെന്ന് പഠനം. അമേരിക്കയിലെ ‘ദി ജേർണർ ഓഫ് ദി അൽഷിമേഴ്സ് അസോസിയേഷൻ’ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവിവാഹിതരായ ആളുകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്നും പഠനം പരാമർശിക്കുന്നു. യുഎസിലെ ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
വിവാഹിതരായ ആളുകളെ 18 വർഷത്തോളം നിരീക്ഷച്ചതിന് ശേഷമാണ് കണ്ടെത്തൽ. 24,000 -ത്തിലധികം അമേരിക്കൻ പൗരന്മാരെ നിരീക്ഷിച്ചു. വിവാഹം മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ സ്വാഭാവിക ജീവിതത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
അവിവാഹിതർക്കും വിവാഹമോചിതരായവർക്കും ഡിമെൻഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നതും പ്രധാനമാണ്. എന്നാൽ ഈ പഠനത്തെ കുറിച്ച് ആരും തെറ്റിദ്ധരിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വിവാഹം അപകടരമായ ഒന്നാണ് എന്നതല്ല, ഈ പഠനത്തിന്റെ അർത്ഥം. മറിച്ച് ആളുകൾ വിശ്വസിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്ന ജീവിതമല്ല വിവാഹത്തിന് ശേഷം ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലും ഇതേ അവസ്ഥയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. കുടുംബത്തെ നോക്കി വീടുകളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകളിലാണ് മറവിരോഗം കൂടുതലായി കണ്ടുവരുന്നത്. മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ ഡിമെൻഷ്യക്ക് കാരണമാകും.