കൊല്ലം ∙ കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്.വൈശാഖിന്റെ മൃതദേഹം കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തിൽ ആദരമർപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം മുൻ സൈനികരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്.
വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാൽ മുഖരിതമായി. പൊതുദർശനം അവസാനിപ്പിച്ച് വൈശാഖിന്‍റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റി. തുടർന്ന് സഹപ്രവർത്തകർ ഔദ്യോഗിക യാത്രാമൊഴി നൽകി ഭൗതികശരീരം സംസ്ക്കരിച്ചു. ഇരുപത്തി നാലാം വയസിൽ ആണ് നാടിനായി വൈശാഖ്ജീവൻ ബലി നൽകിയത്.