ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസിൽ കൂട്ടപ്പിരിച്ചുവിടൽ. 22 ബില്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിയില്‍ നിന്ന് 2,500ഓളം ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ൺലൈൻ വിദ്യാഭ്യാസ സേവനങ്ങളുടെ ആവശ്യങ്ങള്‍ കുറഞ്ഞു വന്നതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരും ഉൾപ്പെട്ട് ബൈജൂസിന് കീഴിലുള്ള ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നിവയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
ടോപ്പറില്‍ നിന്ന് മാത്രം 1200 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇതില്‍ 300-350 പേര്‍ സ്ഥിരം ജീവനക്കാരാണ്. 300ഓളം പേരോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടോപ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കമ്പനിയുമായി കൂട്ടിച്ചേര്‍ക്കാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെ, അധ്യാപകര്‍ ഒഴികെയുള്ള പല തസ്തികകളും ആവശ്യത്തില്‍ അധികമാകും. രാജി നല്‍കിയില്ലെങ്കില്‍ 1-1.5 മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ല. ടോപ്പറില്‍ നിന്ന് രാജിസന്നദ്ധത അറിയിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനിയില്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെയും 15 ദിവസത്തെ ശമ്പളം അധികമായി നല്‍കുമെന്നാണ് വാഗ്ദാനം. ഒപ്പം ജൂണ്‍ മാസത്തെ മൊത്ത ശമ്പളവും ബോണസും നല്‍കും.