കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ കൂട്ട സ്ഥലം മാറ്റവും സസ്പെൻഷനും. ഇതോടെ ഓഫീസ് പ്രവർത്തനം താളം തെറ്റി. വിജിലൻസിന്‍റെ മിന്നൽ പരിശോധനയെ തുടര്‍ന്ന് ഉണ്ടായ നടപടിയെ തുടർന്നാണ് ഈ അവസ്ഥ. സബ് രജിസ്റ്റാര്‍ ഉള്‍പ്പെടെ 8 ജീവനക്കാരുണ്ടായിരുന്ന ഓഫീസിൽ നിന്നും മുഴുവന്‍ പേരേയും ഒഴിവാക്കി. ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷനും, 25ലേറെ ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും , ആധാരങ്ങളുടെ പകര്‍പ്പ്, വിവാഹ രജിസ്ട്രേഷന്‍ എന്നിവയ്ക്കായി നിരവധി പേരെത്തുന്ന കാട്ടാക്കട സബ് രജിസ്ട്രാരാഫീസില്‍ അടിയന്തിരമായി സബ് രജിസ്റ്റാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. സബ് രജിസ്ട്രാർ, പാർടൈം സ്വീപ്പർ എന്നിവരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഹെഡ് ക്ലാർക്ക്, 2 സീനിയർ ക്ലാർക്കുമാർ,ഒരു എൽ.ഡി.ക്ലാർക്ക്, 2 ഓഫിസ് അസിസ്റ്റന്റുമാർ എന്നിവരെ സ്ഥലം മാറ്റിയത്. ഇതോടെ ഇവിടുത്തെ ദൈനംദിന പ്രവർത്തനം എല്ലാം താളം തെറ്റി. ഇത് കൂടാതെ വിജിലൻസ് എത്തുമ്പോൾ ഓഫീസിലുണ്ടായിരുന്ന റിട്ട.സബ് രജിസ്ട്രാർ കൂടിയായ ആധാരം എഴുത്തുകാരൻ മോഹനൻ ചെട്ടിയാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.