
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ കണ്ണൂര്‍ ധര്‍മടത്ത് കെ റെയില്‍ സർവേയ്‌ക്കെതിരെ വന്‍ പ്രതിഷേധം. ധര്‍മ്മടത്ത് കെ റെയില്‍ ഉദ്യോഗസ്ഥരെ സ്ത്രീകള്‍ തടഞ്ഞു. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടൽ പൂർത്തിയായതിന് ശേഷം 12.30 ഓടെയാണ് ഉദ്യോഗസ്ഥർ കല്ലിടാനായി ധർമടം പഞ്ചായത്തിൽ പ്രവേശിച്ചത്. അഞ്ച് മണിയോടെ ധർമടം പഞ്ചായത്തിൽ കല്ലുകൾ ഒന്നും ഇടാനാകാതെ കെ റെയിൽ ഉദ്യോഗസ്ഥർ മടങ്ങി. ശനിയും ഞായറും പെരുന്നാൾ അവധി ദിവസങ്ങളും വരുന്നതിനാൽ അടുത്ത നാല് ദിവസം കല്ലിടൽ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റർ കൂടിയാണ് കണ്ണൂർ ജില്ലയിൽ കല്ലിടാൻ ബാക്കിയുള്ളത്.