Spread the love
പ്രവാചക നിന്ദ: കേന്ദ്രം വെട്ടിൽ; രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധം

ന്യൂഡൽഹി:
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശം രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയതോടെ കേന്ദ്ര സർക്കാർ വെട്ടിലായി. ഖത്തർ ഉൾപ്പെടെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രസ്താവനയിൽ പങ്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

പാർട്ടി നിലപാടിന് വിരുദ്ധമാണ് പരാമർശമെന്ന് വിശദീകരിച്ച ബി.ജെ.പി, നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്യുകയും ഡൽഹി മീഡിയ ഇൻചാർജ് നവീൻകുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: സൗദി അറേബ്യയും അപലപിച്ചു

പ്രവാചകനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണെന്ന് വ്യക്തമാക്കിയ ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണിത്.

ഒമാനിലെ മത പണ്ഡിതസഭയും പ്രവാചക നിന്ദക്കെതിരെ ശക്തമായ നിലപാടെടുത്തു. രാജ്യത്തിനകത്തും വിവിധ മുസ്‍ലിം സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കാൺപുരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ സംഘർഷത്തിനുൾപ്പെടെ കാരണമായത് നൂപുറിന്‍റെ പരാമർശമായിരുന്നു.

ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയത്. പരാമർശം നടത്തിയവർക്കെതിരായ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനൽ ചർച്ചക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു നവീൻ കുമാർ ജിൻഡാലിന്റെ അധിക്ഷേപ പരാമർശം. ഈ ട്വീറ്റുകൾ അദ്ദേഹം പിന്നീട് പിൻവലിച്ചു. ഇവരുടെ പരാമർശത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് വിവിധ രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിരുന്നു.

കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്നെടുത്ത് ട്രോളികളിൽ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ഞങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു.

Leave a Reply