Spread the love

ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മാസ്റ്റര്‍’ ഒടിടി റിലീസിനെത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി നിര്‍മാതാക്കള്‍. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു എന്നും, എന്നാല്‍ തങ്ങള്‍ തിയേറ്റര്‍ റിലീസാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സിനിമ മേഖലുടെ തിരിച്ചുവരവിന്, ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടത് അനിവാര്യമാണെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

“നാം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നിങ്ങള്‍ എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മാസ്റ്റര്‍ തിയേറ്ററുകളില്‍ ആഘോഷിക്കാനുള്ള ആവേശത്തിലാണ് നിങ്ങളെന്ന് മനസിലാക്കുന്നു. നിങ്ങളെ പോലെ ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍ അതേക്കുറിച്ച്‌ വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പ്രമുഖ ഒടിടി സേവന ദാതാവില്‍ നിന്നും വലിയ ഓഫര്‍ ലഭിച്ചിരുന്നു എങ്കിലും ഞങ്ങള്‍ തിയേറ്റര്‍ റിലീസാണ് ഇഷ്ടപ്പെടുന്നത്.

ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയേറ്റര്‍ ഉടമകള്‍ ഞങ്ങളോടൊപ്പം നില്‍ക്കണമെന്നും പിന്തുണ നല്‍കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു നല്ല വാര്‍ത്തയുമായി ഉടന്‍ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി തുടരുക, “എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ സേവ്യര്‍ ബ്രിട്ടോ പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്റ്ററിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

Leave a Reply