Spread the love

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള). വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ഫിയോക്കിന്റെ സമ്ബൂര്‍ണ യോഗമാണ് ഇന്ന് നടന്നത്.

ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം ‘മാസ്റ്ററി’ന്‍റെ കേരള റിലീസും നടക്കില്ല. നേരത്തെ ഒരു വിഭാഗം അംഗങ്ങള്‍ നഷ്ടം സഹിച്ചു തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകളും നടന്നു. ഇന്ന് രാവിലെ ആരംഭിച്ച യോഗം വൈകീട്ടാണ് അവസാനിച്ചത്. തിയേറ്ററുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.

തമിഴ് സിനിമയായ ‘മാസ്റ്റര്‍’ ആണ് ഇനിയുള്ള ഒരു വലിയ റിലീസ്. ഈ ചിത്രത്തിനു ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിര്‍മാതാക്കളും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങള്‍ക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തത്കാലം തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേര്‍ന്നത്.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

അതേസമയം വിജയ് ചിത്രം ‘മാസ്റ്ററി’ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

Leave a Reply