
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാര്‍ക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതല്‍ 30 വരെ സെന്റ് സ്ഥലത്താണ് ഗണിത നിര്‍മിതികളാല്‍ തയാറാക്കുന്ന പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
നേമം ഗവ: യു.പി. സ്‌കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാര്‍ക്കുകള്‍ ആരംഭിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിന്റേതായ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാര്‍ക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.