Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.

സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി.

സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് ഇടുക്കി ​ഗോൾഡ്. എന്നാൽ ഇത്തരം സംഭവം ഉണ്ടായതിനാൽ ആണല്ലോ അതിൽ നിന്നും ആ സിനിമ ഉണ്ടായത്. ഇതൊന്നും നമുക്ക് ആനന്ദം കണ്ടെത്താനുള്ളതല്ല, മറിച്ച് ഇതിൽ നിന്നൊരു പാഠം പഠിക്കാനുള്ളതാണ് ഇത്തരം സിനിമകൾ. മനസിലാക്കാനുള്ളതാണ് സിനിമ.

ഓരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമെന്ന കുടുംബത്തിലേക്കാണ്. അവർ ഒരിക്കലും പാഴായി പോകരുത്. പൊലിഞ്ഞ് പോകരുത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് രം​ഗത്തുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply