തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്നുള്ള സിപിഎം അംഗം എം ബി രാജേഷിനെ( 50) തെരഞ്ഞെടുത്തു.
കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കറായതും ശ്രദ്ധേയമാണ്. ആകെ 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 96 വോട്ടുകൾ രാജേഷിന് ലഭിച്ചു. അറിവും, അനുഭവവും സമന്വയിപ്പിച്ച വ്യക്തിത്തതിന് ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സഭയ്ക്ക് അഭിമാനകരമായ കാര്യമാണെന്നും തന്റെ എല്ലാ അഭിനന്ദനങ്ങളും രാജേഷിന് അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.ആരോഗ്യ കാരണങ്ങളാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത മൂന്നു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്നലെ 53 പുതുമുഖങ്ങൾ അടക്കം 136 പേർ പ്രോട്ടം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ സഭാംഗങ്ങൾ ആയി സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യകാരണങ്ങളാൽ മന്ത്രി അബ്ദുറാഹിമാൻ (താനൂർ ),കെ. ബാബു (നെമ്മാറ), എം. വിൻസെന്റ്(കോവളം) എന്നിവർക്ക് എത്താനായില്ല.
ഇവർ വരുംദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും. കേരള നിയമസഭയിൽ കന്നി പ്രവേശനത്തിലൂടെ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എം.ബി രാജേഷ്. 10 വർഷം ലോകസഭാംഗം ആയിരുന്നുവെങ്കിലും കേരള നിയമസഭയിൽ ഇതാദ്യമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കർ ആകുന്നതും ഇതാദ്യം. നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട്. ടി.എസ് ജോൺ, എ.സി ജോസ്.കേരള നിയമസഭയിലെ ഇരുപത്തൊന്നാമത്തെ സ്പീക്കർ ആയിട്ടാണ് എം.ബി.രാജേഷ്
തെരഞ്ഞെടുക്കപ്പെട്ടത്.