ഇടുക്കി: വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുടെ ഭർത്താവിൻ്റെ വാഹനത്തിൽ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വണ്ടൻമേട് ഐപിയും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയായ സുനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി.
ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യ കാമുകനായ വിദേശ മലയാളിയായ വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ പദ്ധതിയാണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കമാണ് പോലീസിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത്. സുനിലിൽ നിന്നും മാനസികമായി അകന്നുകഴിയുകയായിരുന്നു സൗമ്യ.
ഫെബ്രുവരി 18 നാണ് വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വെച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സുനിലിൻ്റെ ഇരുചക്ര വാഹനത്തിൽ വെച്ചശേഷം വാഹനത്തിന്റെ ഫോട്ടോ സൗമ്യ കാമുകന് അയച്ച് കൊടുത്തു. കാമുകൻ മുഖേനയാണ് സുനിലിൻ്റെ പക്കൽ ലഹരിമരുന്നുള്ള വിവരം സൗമ്യ പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സുനിലിൻ്റെ ബൈക്കിൽ നിന്നും എംഡിഎംഎ ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കെലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിന്മാറി. സൗമ്യയെ കാണാനായി വിനോദ് ഇടയ്ക്കിടെ വിദേശത്തുനിന്നും എത്തുമായിരുന്നു. ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇവർ ഗൂഢാലോചന നടത്തിയത്.
മയക്കുമരുന്ന് കൈമാറിയ ശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിൻഷായും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപയ്ക്ക് വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻ്റെ പ്രത്യേക നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽ വണ്ടൻമേട് ഐപി വി എസ് നവാസ് ഇടുക്കി ഡാൻസാഫ് അംഗങ്ങളായ ജോഷി, മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡിവൈഎസ്പിയുടെ ടീമംഗങ്ങളായ എസ്ഐ സജിമോൻ ജോസഫ് സിപിഒമാരായ ടോണി ജോൺ വി കെ അനീഷ് കൂടാതെ വണ്ടൻമേട് പോലീസ് സ്‌റ്റേഷനിലെ ഐപി വി എസ് നവാസ്, എസ്ഐമാരായ എബി ജോർജ്, ജയ്സ് ജേക്കബ്, റജിമോൻ കൂര്യൻ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ മൃദുല ജി ഷിബു പി എസ്, എഎസ്ഐമാരായ വേണുഗോപാൽ, മഹേഷ് പി വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.