മീന യുടെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഒരു സമയമായിരുന്നു ഭര്‍ത്താവ് സാഗറിന്റെ മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു സാഗറിന്റെ മരണം. അതിനെ അതിജീവിച്ച് മീന പുറത്തേക്ക് വന്നത് വളരെ ശക്തമായിട്ടാണ്. ഇപ്പോഴിതാ മകളുടെ സന്തോഷത്തിന് വേണ്ടി തന്റെ കണ്ണുനീര്‍ മറച്ചുവയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും എത്രത്തോളം കഠിനമായിരുന്നു ആ സമയം എന്നതിനെ കുറിച്ചും മീന ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിച്ചതാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
മീനയുടെ വാക്കുകൾ ..
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിരിച്ചു വരും എന്ന് തന്നെയാണ് കരുതിയത്, ഡോക്ടര്‍മാരും ആ പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ കൊവിഡ് കാലത്തുണ്ടായ അവസ്ഥയെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷയോടെ കാത്തിരുന്നതുകൊണ്ടാണ് ആ വേദന അത്രയും ഭാരമായി തോന്നിയത്. അനുഭവിച്ചാല്‍ മാത്രമേ ആ വേദന തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. സിനിമയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, നമുക്ക് പരിചയമുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്, പക്ഷേ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് ആ വേദന എത്രത്തോളം വലുതാണ് എന്ന് തിരിച്ചറിയുന്നത്.
സാഗറിന്റെ വേര്‍പിരിയലിന് ശേഷം ഒരാളെയും എല്ലാം നല്‍കി സ്‌നേഹിക്കരുത് എന്ന തിരിച്ചറിവായിരുന്നു എനിക്ക്. അത് എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിഞ്ഞു. ഒരു തടസ്സവുമില്ലാതെ എല്ലാവരെയും അകമേ സ്‌നേഹിക്കുകയും അടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ പേടിയാണ്. മകളെ സ്‌നേഹിക്കുമ്പോള്‍ പോലും ആ പേടിയുണ്ട്. എന്താണ് സംഭവിച്ചത്, മുന്‍പ് ഞാനിങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. അന്തമായി സ്‌നേഹിക്കുമ്പോള്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന വളരെ വലുതാണ്.






