Spread the love

സെലിബ്രിറ്റികൾക്കിടയിലെ സൗഹൃദങ്ങളെ പ്രണയമായി ചിത്രീകരിച്ച് പലതരം ഗോസിപ്പുകൾ മെനഞ്ഞ് അവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമാക്കുന്നതും മലയാളികളുടെ പതിവ് വിനോദമാണ്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും സുരേഷ് ഗോപിയുടെ ഇളയമകൻ മാധവും തമ്മിൽ പ്രണയത്തിലാണെന്നും ഇവർ വിവാഹത്തിലേക്ക് നീങ്ങുകയാണെന്നും പ്രചരിപ്പിച്ചത് ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേത്. ഇപ്പോഴിതാ നടി സെലിനൊപ്പമുള്ള ഏതാനും ഫോട്ടോകളുടേയും സ്നേഹപൂർണമായ ഒരടിക്കുറിപ്പിന്റേയും പേരിൽ വീണ്ടും ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിക്കുകയാണ് താരപുത്രൻ.

‘എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളെ ആഘോഷിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവളാണ് എന്റെ ലോകം. പ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഒരു പാറപോലെ ശക്തമായി എനിക്കൊപ്പം നിന്നവള്‍. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, അത് പരിഹരിച്ച് ഞാന്‍ മുന്നോട്ട് പോകുന്നുണ്ട് എന്ന് അവള്‍ ഉറപ്പു വരുത്തും. അവളുടെ ചിരി എന്റെ ദിവസങ്ങളെ വെളിച്ചമുള്ളതാക്കുന്നു, അവളുടെ ശബ്ദം എന്റെ കാതുകള്‍ക്ക് ഇമ്പമുള്ളതാണ്. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊര്‍ജം നല്‍കുന്നു’ തുടങ്ങിയ ഹൃദയഹാരിയായ വാക്കുകൾ ആയിരുന്നു മാധവ് സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തത്.

എന്നാൽ പോസ്റ്റ് വൈറലായി നിമിഷങ്ങൾക്കകം താരപുത്രനും നടിയും തമ്മിൽ പ്രണയം എന്ന തരത്തിൽ വാർത്തകൾ കത്തിപ്പടർന്നതോടെ വിശദീകരണവുമായി മാധവ് തന്നെ രംഗത്തെത്തുകയായിരുന്നു. ‘സെലിന്‍ എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരാള്‍ തന്നെയാണ്. പക്ഷെ ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ല’ എന്നാണ് വിഷയത്തിൽ പ്രതികരിച്ച് പിന്നീട് മാധവ് വ്യക്തമാക്കിയത്.

Leave a Reply