സ്വപ്ന നേട്ടത്തിൽ മീര,
അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി
സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ് ലഭിച്ചെന്നത് കൂടുതൽ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേയ്ക്ക് മീരയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടി ചേർത്തു. ജില്ലാ കലക്ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീരയ്ക്ക് മധുര പലഹാരം നൽകിയാണ് മന്ത്രി ആഘോഷത്തിന്റെ ഭാഗമായത്.
കോലഴി, പോട്ടോരിൽ രാംദാസിന്റെയും രാധികയുടെയും മകളായ മീരയ്ക്ക് ബാംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് ഉറപ്പിച്ചത്. തൃശൂർ ഗവ.എൻജിനിയറിങ് കോളേജ് 2016 ബാച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ് മീര.
ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര പറഞ്ഞു.