
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ യുവജനതക്ക് പുതിയ പ്രതീക്ഷ നല്‍കി. ഇടുക്കി ജില്ലക്ക് പുറമെ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നും യുവതി യുവാക്കള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കൃഷിയടക്കമുള്ള മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തിയ തൊഴിലന്വേഷകരും യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ തേടി തൊഴില്‍ മേളയിലെ അഭിമുഖങ്ങളില്‍ പങ്കെടുത്തു. ജില്ലയുടെ ഭൂപ്രകൃതിയും വിസ്തീര്‍ണ്ണവും പരിഗണിച്ച് താലൂക്കുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ മേള സംഘടിപ്പിക്കണമെന്ന ആവശ്യവും ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവച്ചു. മെഗാ ജോബ് ഫെയറിന്റെ ഭാഗമായി രജിസ്‌ട്രേഷന് മാത്രമായി പത്ത് കൗണ്ടറുകള്‍ തുറന്നിരുന്നു. അസാപിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളും പരിശീലന കേന്ദ്രങ്ങളും വിശദീകരിക്കാന്‍ അസാപും തൊഴില്‍ മേളയില്‍ സ്റ്റാള്‍ തുറന്നിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാഭാസ യോഗ്യതകള്‍ക്ക് പുറമെ മറ്റു അംഗീകൃത ഹൃസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികകള്‍ക്കായി അംഗീകൃത വന്‍കിട-ചെറുകിട വ്യവസായശാലകള്‍, നിര്‍മ്മാണ കമ്പനികള്‍, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമോട്ടീവ്, വസ്ത്ര വ്യവസായകര്‍, മീഡിയ തുടങ്ങി വിവിധ മേഖലകളിലായി 40 ഓളം കമ്പനികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. ജോബ് ഫെയറിൽ പങ്കെടുത്ത 132 പേർ ജോലി ഉറപ്പാക്കി. 548 പേർ വിവിധ തസ്തികകളിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.