എറിയാട് പഞ്ചായത്തിൽ 21-ാം വാർഡിൽ എം ഇ എസ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമിച്ച് നൽകിയ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഹയർ സെക്കന്ററിനാഷണൽ സർവീസ് സ്കീം തൃശൂർ ജില്ലയും ഗുണഭോക്താവായി കണ്ടെത്തിയ വിദ്യാർത്ഥി ഉൾപ്പെടുന്ന യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ” തണൽ – സ്നേഹ ഭവനം”. തൃശൂർ ജില്ലയിൽ ഈ വർഷം മൂന്ന് സഹപാഠികൾക്കാണ് എൻഎസ്എസ് വളണ്ടിയർമാർ വീട് നിർമ്മിച്ച് നൽകുന്നത്. എം ഇ എസ് ഹയർസെക്കന്ററി സ്കൂൾ ശ്രീനാരായണപുരം (പി.വെമ്പല്ലൂർ ) യൂണിറ്റിന്റെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്തിൽ നിർമിക്കുന്ന ഭവനം കൂടാതെ മറ്റ് രണ്ടെണ്ണം വെള്ളാങ്കല്ലൂർ പഞ്ചായത്തിലും, മാളയിലും നിർമിക്കുന്നുണ്ട്. അതിന്റെ നിർമ്മാണവും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 560 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട്ടിൽ 2 കിടപ്പ്മുറികൾ, 1 ഹാൾ, 1 അടുക്കള, സിറ്റ്ഔട്ട് എന്നിവയാണ് ഉള്ളത്. എട്ട് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ജില്ലയിലെ പതിനായിരത്തിലധികം വരുന്ന ഹയർസെക്കന്ററി എൻഎസ്എസ് വളണ്ടിയർമാർ നിരവധി ചലഞ്ചുകളിലൂടെയാണ് മൂന്നു വീടുകൾക്കായുള്ള വിഭവസമാഹരണം നടത്തിയത്.
പ്രധാനമായും സ്ക്രാപ്പ് ചലഞ്ചിലൂടെയും – (സ്വന്തം വീട്ടിലെയും തൊട്ടടുത്തുള്ള വീടുകളിൽ നിന്നും
പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ട് ), നിരവധി ഫുഡ് ചലഞ്ചുകൾ സംഘടിപ്പിച്ചും ,
കൂടാതെ ഗുണഭോക്താവ് അടങ്ങുന്ന യൂണിറ്റിലെ വളണ്ടിയർമാർ നിരവധി പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ തുകയാണ് ഭവന നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.