Spread the love

ബെംഗളൂരു∙ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസി’നു ബദലായി കർണാടകയിൽ കോൺഗ്രസ് പദ്ധതിയിടുന്ന ‘ഓപ്പറേഷൻ ഹസ്ത’യുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് കരുത്തു പകർന്ന്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി യശ്വന്ത്‌പുരിൽ നിന്നുള്ള ബിജെപി എംഎൽഎ എസ്.ടി.സോമശേഖർ. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ‘മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ സംസാരിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന്’, സോമശേഖർ പിന്നീട് വിശദീകരിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന് എംഎൽഎമാരായ നേതാക്കളെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങളാണ് ‘ഓപ്പറേഷൻ ഹസ്ത’ എന്ന പേരിൽ അറിയപ്പെടുന്നത്. മുൻപ് പാർട്ടി വിട്ടുപോയ ചില നേതാക്കളെയാണ്, ഓപ്പറേഷൻ ഹസ്തയിലൂടെ ലക്ഷ്യമിടുന്നത്.അടുത്തിടെയായി കോൺഗ്രസ് നേതാക്കളുമായി പതിവായി കൂടിക്കാഴ്ച നടത്തുന്ന സോമശേഖർ, കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ തന്റെ രാഷ്ട്രീയ ഗുരുവായും വിശേഷിപ്പിച്ചിരുന്നു. ഇതിനിടെ, ജെഡിഎസ് നേതാവ് അയനൂർ മഞ്ജുനാഥ് ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയും അഭ്യൂഹങ്ങൾക്കു കാരണമായി. തന്നെ ഒട്ടേറെ നേതാക്കൾ കാണാറുണ്ടെന്നും, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ശിവകുമാർ പിന്നീട് പ്രതികരിച്ചു.

സോമശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയിലാണെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം, ബിജെപി എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും ആരും പാർട്ടി വിടില്ലെന്നുമാണ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞത്. മുൻ മന്ത്രിമാരായ ശിവറാം ഹെബ്ബാർ, മുനിരത്‌ന തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.‘‘ഞാൻ അവരുമായി സംസാരിച്ചിരുന്നു. അവരാരും പാർട്ടി വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രാദേശിക പ്രശ്നങ്ങൾ ഞങ്ങൾ പാർട്ടി അധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം ഉടൻ തന്നെ പരിഹരിക്കും. ഞങ്ങൾ ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടു പോകും’ – ബൊമ്മെ പറഞ്ഞു.
അതിനിടെ, ‘കൈ എങ്ങനെ മുറിച്ചു കളയണമെന്ന് തനിക്ക് അറിയാ’മെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡി.കെ.ശിവകുമാർ രംഗത്തെത്തി.‘‘കൈ ഛേദിച്ചു കളയുമെന്നാണ് സി.ടി.രവിയുടെ ഭീഷണി. മുൻപ് കോൺഗ്രസിൽനിന്നും ജെഡ‍ിഎസിൽനിന്നും എംഎൽഎമാരെ കൊണ്ടുപോയപ്പോൾ എന്താണ് സംഭവിച്ചത്? നിങ്ങൾക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താമെങ്കിൽ, തിരിച്ച് ഭീഷണിപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കും അറിയാം. ഞങ്ങളുടെ സഖ്യസർക്കാരിനെ വീഴ്ത്തി സർക്കാർ രൂപീകരിച്ചവരാണ് നിങ്ങൾ’ – ശിവകുമാർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയിൽ ചേരാൻ അങ്ങോട്ട് വിളിച്ച് ആരെയും ക്ഷണിക്കുന്നില്ലെന്നും, കോൺഗ്രസിന് അതിന്റെ ആവശ്യമില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി എംഎൽഎമാരിൽ ചിലർ കോൺഗ്രസിനോട് അടുക്കുന്നത്. പല ഘട്ടങ്ങളിലായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ എംഎൽഎമാരിൽ ചിലരാണ് പഴയ തട്ടകത്തിലേക്കു മടങ്ങാൻ തയാറെടുക്കുന്നത്. 2019ൽ കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു പോയ നേതാക്കളിൽ ചിലരും തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പും ബെംഗളുരു തദ്ദേശ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ എംഎൽഎമാരും നേതാക്കളും പാർട്ടിയിലേക്കു വരുന്നതിനോടു കോൺഗ്രസ് നേതൃത്വത്തിനും അനുകൂല നിലപാടാണ്.

Leave a Reply