ഇടയ്‌ക്കിടെ തലവേദന വരുന്ന കൂട്ടത്തിലുള്ളവരായിരിക്കും നമ്മിൽ പലരും. ”എപ്പോഴും തലവേദനയാ.. മാറുന്നേ ഇല്ല” ഇങ്ങനെയുള്ള പരാതികളും പലപ്പോഴും നാം കേട്ടിരിക്കും. മൈഗ്രെയിൻ മൂലമുള്ള തലവേദനകൾ മിക്കപ്പോഴും തീവ്രമായിരിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങൾ കാരണവും സെറാടോണിന്റെയും മറ്റ് ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ഇത്തരത്തിൽ മൈഗ്രെയിൻ അനുഭവപ്പെടാം. എന്നാൽ മഴക്കാലത്ത് വരുന്ന മൈഗ്രെയിൻ പ്രശ്‌നങ്ങൾ ഒരുപക്ഷേ മറ്റ് പല കാരണങ്ങൾ കൊണ്ട് വരുന്നതായിരിക്കും. ഇത് എങ്ങനെ നിയന്ത്രിക്കാനാകും. അറിയാം..
ജലാംശം നിലനിർത്തുക
ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നതാണ് മൈഗ്രെയിൻ നിയന്ത്രിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്. നിർജലീകരണം സംഭവിക്കുന്നത് തലവേദനയ്‌ക്ക് ഇടയാക്കുന്നു. ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. മധുര പാനീയങ്ങളും കഫീൻ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
നന്നായി ഉറങ്ങുക
ക്രമരഹിതമായ ഉറക്കം മൈഗ്രെയിനിന് വഴിവയ്‌ക്കുന്നു. 7 മുതൽ 9 മണിക്കൂർ വരെ കൃത്യമായി ഉറങ്ങണമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൃത്യസമയത്ത് ഉറങ്ങുന്നതും കൃത്യസമയത്ത് ഉണരുന്നതും ഉന്മേഷം പ്രദാനം ചെയ്യാനും തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സഹായിക്കുന്നു.
സമ്മർദ്ദം ഒഴിവാക്കുക
തലവേദനയ്‌ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. അനാവശ്യ സമ്മർദ്ദം മൈഗ്രെയിന് വഴിവയ്‌ക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ധ്യാനം, യോഗ പോലുള്ളവ പരിശീലിക്കാം.
സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക
ദീർഘനേരം സ്‌ക്രീനിൽ നോക്കുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും തലവേദനയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. സ്‌ക്രീൻ സമയം കുറയ്‌ക്കാൻ പരമാവധി ശ്രദ്ധിക്കുക. കൃത്യമായി കണ്ണിന് വിശ്രമം നൽകാൻ ശ്രദ്ധിക്കണം. ഇടവേളകൾ എടുത്ത് സ്‌ക്രീനിൽ നോക്കാൻ ശ്രദ്ധിക്കുക.