മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കൂനൂരിൽ തകർന്നുവീണതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ അറിയിച്ചു. നീലഗിരിയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ 14 പേർ ഉണ്ടായിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത് ഭാര്യ മധുലിക റാവത്തും മറ്റു സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
വ്യോമസേനയുടെ എംഐ 17 വി ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണു കൂനൂരില്‍ ജനവാസ കേന്ദ്രത്തിനു സമീപം തകര്‍ന്നുവീണത്. കോയമ്പത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമസേനാ താവളത്തില്‍നിന്നു വെല്ലിങ്ടണിലേക്ക് പോകുകായിരുന്നു ഹെലികോപ്റ്റര്‍. ലാന്‍ഡിങ്ങിനു ലക്ഷ്യമിട്ടിരുന്ന ഹെലിപ്പാഡിനു 10 കിലോ മീറ്റര്‍ അകലെയാണു അപകടം നടന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കൂനൂരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ ആറ് മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്തിലുള്ള സംഘം ആശുപത്രിയിലേക്കു തിരിച്ചു. ഹെലികോപ്ടറില്‍ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നുമാണു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.