പാലക്കാട്: മിൽമ കാലിത്തീറ്റയുടെ വില വർധിപ്പിച്ചെങ്കിലും മലബാർ മേഖലയിലെ ക്ഷീരകർഷകർക്ക് ആശ്വാസം. വർധിപ്പിച്ച വില സബ്‌സിഡിയായി അനുവദിക്കാൻ മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു.
മിൽമ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോ ചാക്കിന് 160 രൂപ കൂട്ടി 1400 രൂപയായും ഗോമതി ഗോൾഡ് കാലിത്തീറ്റ 180 രൂപ കൂട്ടി 1550 രൂപയുമായാണ് വർധിപ്പിച്ചത്. ഇതിൽ വർധിപ്പിച്ച വില സബ്‌സിഡിയായി അനുവദിക്കാനാണ് തീരുമാനം. ഇതോടെ ഗോമതി റിച്ച് കാലിത്തീറ്റ 1240 രൂപയ്ക്കും ഗോമതി ഗോൾഡ് കാലിത്തീറ്റ 1370 രൂപയ്ക്കും കർഷകർക്ക് ലഭിക്കും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്നുലക്ഷത്തോളം ക്ഷീരകർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. സബ്‌സിഡി നവംബർ ഒന്നുമുതൽ വിതരണം ചെയ്ത കാലിത്തീറ്റച്ചാക്കുകൾക്ക് ലഭ്യമാകുമെന്ന് മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. തിരുവനന്തപുരം മേഖല യൂണിയൻ കാലിത്തീറ്റ ചാക്കിന് 100 രൂപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.