Spread the love


അറഫാ സംഗമത്തിനായി ഉണർന്ന് മിനാ നഗരി.


മക്ക : വർഷത്തിലൊരിക്കൽ ഹജ്ജ് തീർഥാടകർക്കായി മാത്രം വാതിൽ തുറക്കുന്ന മിനാ കൂടാര നഗരി പ്രാർത്ഥനകളിലേക്ക് കൺതുറന്നു. കോവിഡ് സാഹചര്യത്തിൽ ഹജ്ജിനെത്താനാവാത്ത ജനലക്ഷങ്ങളുടെ പ്രാർത്ഥനകളും ഇവിടെയെത്തുന്നുണ്ട്.’ ഞാൻ ‘ എന്ന അഹങ്കാര ചിന്തകളെല്ലാം മാറ്റിവച്ച് ലളിത വസ്ത്രം ധരിച്ച്,മനസ്സിലും ശരീരത്തിലും ദൈവ ചിന്തകൾ മാത്രം നിറച്ച തീർത്ഥാടകർ കാത്തിരിക്കുന്നത് ഇന്നത്തെ അറഫ സംഗമത്തിനായാണ്. 55,000 പേർ മിനായിലെ തമ്പുകളിലും 5000 പേർ അബ്രാജ് മിനാ കെട്ടിടത്തിലുമാണ് തങ്ങിയത്.20 പേരെ വീതം 3,000 ബസ്സുകളിലായി 60,000 തീർഥാടകരെയും ഉച്ചയോടെ അറഫയിലെത്തിക്കും.
അറഫാ മൈതാനിയിൽ നമസ്കാരവും നിർവഹിച്ച് അറഫ പ്രഭാഷണവും ശ്രവിച്ച ശേഷം കാരുണ്യത്തിന്റെ മലയായ ‌ജബലുറഹ്മയിൽ അണിനിരന്ന് പ്രാർത്ഥിക്കും.സൂര്യാസ്തമയത്തോടെ തീർത്ഥാടകർ മുസ്ദലിഫയിലേക്ക് യാത്ര തുടങ്ങും.അർദ്ധരാത്രിക്ക് ശേഷം മുസ്ദലിഫയിൽ അല്പസമയം ഉറങ്ങിയ ശേഷം മിനായിലേക്ക് നീങ്ങും. സാത്താന്റെ പ്രതീകമായ ജംറയിൽ അടുത്ത ദിവസം കല്ലേറ് കർമ്മം നടത്താനുള്ള ചെറു കണ്മണികൾ മുസ്ദലിഫയിൽ നിന്ന് ശേഖരിക്കുകയാണ് പതിവ്. എന്നാൽ,ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകും. നാളെ ബലിപെരുന്നാൾ ദിനത്തിൽ ആദ്യ കല്ലെറു നടത്തും. അകലം പാലിച്ചു കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.തുടർന്ന് ബലിയർപ്പണവും തല മുണ്ഡലം ചെയ്യലും. കുളി കഴിഞ്ഞാൽ സുഗന്ധദ്രവ്യങ്ങൾ പൂശി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. മിനായിൽ നിന്നും മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും. സംഗമം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.

Leave a Reply