സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1,760 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 70 ഡോളർ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡൽഹി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 99,200 രൂപയായി താഴ്ന്നിരിക്കുകയാണ്.








