Spread the love
മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് നാടിന് സമര്‍പ്പിച്ചു.

ഗോത്ര നാടിന്റെ ഈണവും താളവുമായി പ്രതീക്ഷകളുടെ ആകാശം തൊട്ട് ലക്കിടിക്കുന്നില്‍ എന്‍ ഊര് മിഴി തുറന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് നാടിന് സമര്‍പ്പിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഭൂപടത്തില്‍ ആദ്യം തന്നെ ഉള്‍പ്പെടുത്തിയ വിനോദ സഞ്ചാരകേന്ദ്രമെന്ന ഖ്യാതിയും എന്‍ ഊരിന് സ്വന്തമാവുകയാണ്.വയനാടിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രതീക്ഷകൂടിയാണ് എന്‍ ഊര് പൈതൃക ഗ്രാമം. തനത് ഉത്പന്നങ്ങളുടെ വിപണി, ഗോത്ര വയനാടിന്റെ ചിരകാലം എന്നിവയെല്ലാം അടയാളപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണവും ഉപജീവനവുമാണ്. ഇറതാണ വീടുകളും വളഞ്ഞും പുളഞ്ഞുമുള്ള ഇടവഴികളുമായി ഏവരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ഗോത്ര പൈതൃക ഗ്രാമത്തിന്റെ നിര്‍മ്മിതി. കല്ലുപാകിയ ഇടവഴികളിലൂടെ നടന്ന് ഓരോ സ്റ്റാളുകളെയും അടുത്തറിയാം. തൊട്ടില്‍, കുട്ട, ചുണ്ണാമ്പ് പാനി, മണിക്കോല്‍, ചീല , അരിചൂല്‍, അലച്ച, തെരിക തുടങ്ങി ഒരു കാലത്ത് ഗോത്ര സമുദായങ്ങളുടെയും കാര്‍ഷിക വയനാടിന്റെയും ഭാഗമായിരുന്നു ഉപകരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് എന്‍ ഊരില്‍. കാര്‍ഷിക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്ന കാര്‍ഷിക തനത് ഉപകരണങ്ങളുടെ പ്രദര്‍ശനം വരും കാലത്ത് കാഴ്ചക്കാരില്‍ പുത്തന്‍ അനുഭവമായിരിക്കും.ഇറതാണ പുല്‍ക്കുടിലുകള്‍ ഒരു കാലത്ത് ഗോത്ര വയനാടിന്റെ മുഖമുദ്രയായിരുന്ന പുല്‍വീടുകളും ഇവിടെ ഏവരുടെയും മനം കവരും. ആകാരത്തിലും കുലീനതയിലുമെല്ലാം കാലത്തെ തോല്‍പ്പിച്ച ഈ മണ്‍കുടിലുകള്‍ പുതിയ തലമുറകളിലുള്ളവര്‍ക്ക് കൗതുകം നിറഞ്ഞതാണ്.

Leave a Reply