Spread the love
കണ്ണൂർ വിസി നിയമനവിവാദത്തിൽ പഴിചാരി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആർ ബിന്ദു.

കണ്ണൂർ വിസി നിയമനവിവാദത്തിൽ എല്ലാറ്റിലും ഗവർണറെ പഴിചാരി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആർ ബിന്ദു. താൻ ചാൻസലറായ ഗവർണർക്ക് എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും അവർ ആഞ്ഞടിച്ചു. ”ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട”, മന്ത്രി പറഞ്ഞു. വൈസ് ചാൻസലറുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ചോദിച്ചപ്പോൾ അത് ഗവർണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ആർ ബിന്ദു ഒഴിഞ്ഞു മാറുകയാണുണ്ടായത്. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ. ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല.

Leave a Reply